District News
ആളൂര്‍: തൃശൂര്‍ റൂറല്‍ പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം ആത്മഹത്യയുടെ മുനമ്പില്നിന്ന യുവാവിന്റെ ജീവന് രക്ഷിച്ചു. മുരിയാട് സ്വദേശിനിയായ യുവതി ആളൂര്‍ പോലീസ് സ്റ്റേഷനിലേക്കുവിളിച്ച് ഭര്‍ത്താവിനെ കാണാതായതായും അദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അറിയിച്ചു.
വിവരം ലഭിച്ചയുടന്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഎസ്സിപിഒ സുനന്ദും പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാരായ ആഷിക്, അനൂപ് എന്നിവര്‍ യുവതിയെ സമാധാനിപ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ യുവാവ് മുരിയാട് ഗേറ്റിനടുത്തുള്ള റെയില്‍വേ ട്രാക്കിനു നടുവിലാണ് നില്‍ക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ വിവരം ആളൂര്‍ പോലീസ് സ്റ്റേഷന് നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിഎഎസ്ഐ മിനിമോള്‍, ജിഎസ്സിപിഒ ജിബിന്‍ എന്നിവരെ അറിയിച്ചു. ഇവര്‍ മുരിയാട് ഗേറ്റിനടുത്തുള്ള റെയില്‍വേ ട്രാക്കിനു സമീപത്തെത്തി പരിസരവാസികളും മുരിയാട് കുന്നത്തറ സ്വദേശികളുമായ കണ്ണോളി വീട്ടില്‍ വൈശാഖ്, രാഖില്‍ എന്നിവരുടെ സഹായത്തോടെ പരിശോധന നടത്തി.
തുടർന്ന് റെയില്‍വേ ട്രാക്കിന് നടുവില്‍ ആത്മഹത്യചെയ്യുന്നതിനായി ട്രെയിന്‍ വരുന്നതു കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ അനുനയപരമായ ഇടപെടലിലൂടെ യുവാവിനെ സാന്ത്വനിപ്പിച്ച് സുരക്ഷിതമായി ആളൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി യുവാവിന് ആവശ്യമായ മാനസികപിന്തുണ ഉറപ്പാക്കുന്നതിനു നിര്‍ദേശിച്ച് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
National
ന്യൂഡൽഹി: തെരുവുനായ കേസ് കൈകാര്യം ചെയ്യുന്പോൾ വിദഗ്ധരുടെ ഇടപെടൽ ആവശ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി സുപ്രീംകോടതിയിൽ.
ആരവല്ലി വിധിക്ക് സമാനമായ രീതിയിൽ ഈ വിഷയം അവസാനിക്കരുതെന്നും തെരുവുനായ വിഷയത്തിൽ വാദം തുടരുന്പോൾ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു നീങ്ങിയില്ലെങ്കിൽ സദുദ്ദേശ്യത്തോടെയുള്ള കോടതി ഇടപെടൽ മാറ്റാനാകാത്ത പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസിൽ വിദഗ്ധ അഭിപ്രായത്തിന് അമിക്കസ് ക്യൂറി മാത്രം പോരെന്നും അദ്ദേഹത്തിന് നിയമോപദേശം നല്കാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു.
തെരുവുനായ വിഷയത്തിൽ മൂന്നാം ദിനമാണ് സുപ്രീംകോടതിയിൽ വാദം തുടരുന്നത്. തെരുവുനായകളെ ക്രൂരമായി കൈകാര്യം ചെയ്യുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ മൃഗസ്നേഹികൾ ഇന്നലത്തെ വാദത്തിൽ ചൂണ്ടിക്കാട്ടി.
എന്നാൽ കുട്ടികളെയും മുതിർന്നവരെയും നായകൾ ആക്രമിക്കുന്ന നിരവധി വീഡിയോകൾ ലഭ്യമാണെന്ന് കോടതിയും തിരിച്ചടിച്ചു. വിഷയത്തിൽ ചൊവ്വാഴ്ചയും വാദം തുടരും.
Kerala
കോഴിക്കോട്: കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിൽ ഹൈക്കോടതിയുടെ ഇടപെടല്‍. ഡീലിമിറ്റേഷൻ ഉത്തരവ് ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവും പുറത്തിറക്കി. കേസ് നാലാം തീയതി വീണ്ടും പരിഗണിക്കും.ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹർജികള്‍ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹര്‍ജികളും ഹൈക്കോടി ഫയലിൽ സ്വീകരിച്ചു.